Featured post

48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത; കേരളത്തിൽ 5 ദിവസം ശക്തമായ മഴ.



തിരുവനന്തപുരം∙ അടുത്ത 48 മണിക്കൂറിൽ കേരള തീരത്തിനടുത്തായി തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. ന്യൂനമർദം രൂപപ്പെടുന്നതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ശക്തമായ മഴ അടുത്ത 5 ദിവസം തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ശക്തമായ കാറ്റും കടലാക്രമണത്തിനുമുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ടുള്ള മുന്നൊരുക്കങ്ങൾ നടത്തേണ്ടതാണ്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണമായി നിരോധിച്ചു.




കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 എംഎം മുതൽ 115.5 എംഎം വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകുന്നു.



യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ 2020 മെയ് 30: കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി 2020 മെയ് 31: തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി 2020 ജൂൺ 1: തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,മലപ്പുറം,കണ്ണൂർ 2020 ജൂൺ 2: കൊല്ലം,ആലപ്പുഴ,എറണാകുളം,മലപ്പുറം,കോഴിക്കോട്,കണ്ണൂർ 2020 ജൂൺ 3: മലപ്പുറം,കോഴിക്കോട്,കണ്ണൂർ