തിരുവനന്തപുരം ∙ തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോടു ചേർന്നുള്ള മധ്യകിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി രൂപപ്പെട്ട ന്യൂനമർദം അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിച്ച് അതിശക്ത ന്യൂനമർദമായി മാറാനും ശേഷമുള്ള 24 മണിക്കൂറിൽ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചുഴലിക്കാറ്റായി മാറിയാൽ ബംഗ്ലാദേശ് നൽകിയ ‘നിസർഗ’ എന്ന പേരിൽ അറിയപ്പെടും. വടക്ക് ദിശയിൽ സഞ്ചരിച്ച് ജൂൺ മൂന്നോടെ ഉത്തര മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തെത്തുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
പശ്ചിമ അറബിക്കടലിൽ ഒമാൻ-യെമൻ തീരത്തായി രൂപം കൊണ്ട അതിശക്ത ന്യൂനമർദം ഒമാനിലെ സലാലയിൽ നിന്ന് 20 കിമീ ദൂരത്ത് തുടരുകയാണ്. അടുത്ത 12 മണിക്കൂറിന് ശേഷം ഇതിന്റെ ശക്തി ക്ഷയിച്ച് തുടങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇത് ഇന്ത്യയിലെ കാലാവസ്ഥയെ നേരിട്ട് സ്വാധീനിക്കുന്നില്ല. അറബിക്കടൽ അതിപ്രക്ഷുബ്ധമായതിനാൽ കേരള തീരത്ത് നിന്നുള്ള മൽസ്യ ബന്ധനത്തിന് പൂർണ നിരോധനം തുടരുകയാണ്.
കേരളത്തിൽ നിന്ന് യാതൊരു കാരണവശാലും കടലിൽ പോകാൻ പാടില്ല. മേയ് 31, ജൂൺ 1 തീയതികളിൽ ന്യൂനമർദത്തിന്റെ സ്വാധീനം മൂലം കേരളത്തിൽ വ്യാപകമായി മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയും പ്രതീക്ഷിക്കാം. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ മേയ് 31: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജൂൺ 1: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ ജൂൺ 2: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട്ജൂൺ 3: കണ്ണൂർ, കാസർകോട്
മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗത്തിലും ചില ഘട്ടങ്ങളിൽ 65 കിമീ വരെ വേഗത്തിലും കേരള തീരത്ത് ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. തെക്ക് കിഴക്കൻ അറബിക്കടൽ അതിപ്രക്ഷുബ്ധമായി തുടരാൻ സാധ്യതയുള്ളതിനാൽ കേരള തീരങ്ങളിൽ ചിലയിടങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുണ്ട്. തീരദേശവാസികൾ ജാഗ്രത പാലിക്കണം.